തുർക്കുമാനിസ്ഥാനിലെ മർവിൽ നിന്ന് ഹജ്ജ് തീർഥാടനത്തിനു പുറപ്പെട്ടതാണ് ഇമാം അബ്ദില്ലാഹിബിൻ മുബാറക്(റ). പരസഹസ്രം മഹാ പണ്ഡിതന്മാരുടെ ഗുരുവും വഴികാട്ടിയുമായ സൂഫിവര്യൻ. മദ്ധ്യേഷ്യയിലെ മർവിൽ നിന്ന് മക്ക വരെയുള്ള യാത്രാചെലവിനും മറ്റുമായി കുറേ പണവും കഴിക്കാൻ പക്ഷികളും കരുതിയിരുന്നു. യാത്ര മധ്യേ ഒരു പക്ഷി ചത്തുപോയി. അടുത്തുള്ള കുപ്പത്തൊട്ടിയിൽ അതിനെ കളയാൻ, മുന്നേ പോകുന്ന സഹയാത്രികരെ ഏൽപ്പിച്ചു ഇമാം പിന്നാലെ യാത്രയായി.
കുപ്പത്തൊട്ടിയുടെ സമീപത്തെത്തിയപ്പോൾ ഇമാം ആ രംഗം കണ്ടു. തങ്ങൾ നേരത്തെ ഉപേക്ഷിച്ച പക്ഷിയുടെ ജഡം ഒരു സ്ത്രീ എടുത്തു കൊണ്ടുപോയി കഴിക്കാൻ വേണ്ടി തൊലിയുരിക്കുന്നു. അവർ നിഷിദ്ധമായ ശവം കഴിക്കാൻ ഒരുങ്ങുന്നത് ഇമാമിനെ വല്ലാതെ അസ്വസ്ഥനാക്കി. അദ്ദേഹം അവരുടെ കൂരയുടെ അടുത്തെത്തി കാര്യം തിരക്കി. 'എനിക്കും എന്റെ സഹോദരനും ധരിച്ചിരിക്കുന്ന ഈ ഉടയാടയല്ലാതെ വേറൊന്നുമില്ല. ജനങ്ങൾ ഈ കുപ്പയിൽ വലിച്ചെറിയുന്ന വസ്തുക്കളാണ് ഞങ്ങളുടെ ആശ്രയം. ഞങ്ങൾ ശവം തിന്നാൻ നിർബന്ധിതരാണ്. വിശപ്പു കൊണ്ട് കണ്ണു കാണാത്ത ഞങ്ങൾക്ക് ശവം നിഷിദ്ധമല്ല....'
ആ സ്ത്രീയുടെ മറുപടി ഇബ്നു മുബാറക്കിനെ വല്ലാതെ ഉലച്ചു. 'നമ്മുടെ കയ്യിൽ എത്ര കാശ് കാണും?' ഇമാം തന്റെ ഭൃത്യനോട് തിരക്കി. 'ആയിരം ദീനാർ' അയാളുടെ മറുപടി. 'എങ്കിൽ, നമ്മുടെ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ഇരുപത് ദീനാർ മാറ്റിവെച്ചു, ബാക്കി ഇവർക്ക് കൊടുക്കൂ.... ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിനെക്കാൾ നമുക്ക് ശ്രേഷ്ടവും പുണ്യവും ഈ പാവങ്ങളെ സഹായിക്കുന്നതാണ്....'
പണം മുഴുവൻ ആ പാവങ്ങൾക്കു നൽകി ഇമാം സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചു!
Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ:105
(ഇബ്നു കസീർ / അൽ ബിദായ വന്നിഹായ 10/191)